Kerala
അമ്പലപ്പുഴ: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തുകയുടെ ഒരു ഭാഗം കൈമാറി ഉഷ ജോസഫ്. കത്രിക വയറ്റിൽ കുടുങ്ങിയ പുന്നപ്രയിലെ ഉഷയാണ് അബിൻ വർക്കിക്ക് തുക കൈമാറിയത്.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയാണ് അബിൻ വർക്കി മത്സരിക്കുന്നത്. കെട്ടിവയ്ക്കാനുള്ള തുക ഉഷ ജോസഫിന്റെ കുടുംബത്തിന്റെ പക്കൽനിന്ന് കഴിഞ്ഞ ദിവസം അബിൻ വർക്കി ഏറ്റുവാങ്ങി.
കേരളത്തിന്റെ സിസ്റ്റം വർക്കാവുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ഈ ശസ്ത്രക്രിയയെന്ന് തുക സ്വീകരിച്ച അബിൻ വർക്കി പറഞ്ഞു. ഇത് ഒരു തവണയാണ് സംഭവിച്ചതെങ്കിൽ മനസിലാക്കാം. കേരളത്തിനകത്ത് ഇത് ആവർത്തിക്കപ്പെട്ട സംഭവമാണ്.
സർക്കാർ സിസ്റ്റം മുഴുവൻ പരാജയമാണെന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചു. സിസ്റ്റത്തിന്റെ ഇരയാണ് ഉഷയെന്ന അമ്മ. ഇത് കേരളത്തിലെ മുഴുവൻ അമ്മമാരുടെയും ശബ്ദമാണ്. ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരായുള്ള ശബ്ദമാണെന്നും അബിൻ വർക്കി പറഞ്ഞു.
Kerala
തിരുവനന്തപുരം: തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്. തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കുന്പോൾ ചിത്രം കൂടുതൽ വ്യക്തമാകും.
നേമത്ത് ശബരീനാഥനും ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ. ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ. പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സ്ഥാനാർഥിനിർണയത്തിൽ വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക.
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. ഒരു സ്ഥാനാർഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണം. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂ. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കും. നൂറിലധികം സീറ്റുകൾ നേടി ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എറണാകുളം ഡിസിസി ഓഫീസിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ യോഗം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പില് 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും, ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും, ആറൻമുളയിൽ അബിൻ വർക്കിയെയും മത്സരിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ കെ.എം. അഭിജിത്തിനെ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിപ്പിക്കണമെന്നാണ് നിർദേശം.
ജിൻഷാദ് ജിന്നാസിനായി അരൂർ മണ്ഡലവും ജോമോൻ ജോസിന് തൃക്കരിപ്പൂരും ആവശ്യപ്പെടുമ്പോൾ ജയഘോഷിനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ധാർമികമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂവെന്നും പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പറഞ്ഞു. എന്തുകൊണ്ടാണ് മുകേഷിനെ സിപിഎം പുറത്താക്കാത്തതെന്നും അബിൻ ചോദിച്ചു. പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് ഞങ്ങളെ ധാർമികത പഠിപ്പിക്കാൻ വരുന്നതെന്നും അബിൻ കുറ്റപ്പെടുത്തി.
പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
Kerala
ഇടുക്കി : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പകുതിയെങ്കിലും പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം.
പ്രഖ്യാപനം പൂർത്തിയായിട്ടില്ലെന്നും പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിൻ വർക്കി പ്രതീക്ഷ പങ്കുവച്ചു.
Kerala
കോട്ടയം: യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നും മാറ്റി നിർത്തപ്പെട്ട അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള് അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.
അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. പക്ഷെ അങ്ങനെ ഉണ്ടായില്ല. നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
അതേസമയം, യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.
പക്ഷേ പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓർമ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തില് പ്രവര്ത്തിക്കണമെന്ന അബിന് വര്ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. അബിന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനു പിന്നാലെ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കണമെന്നും നേതൃത്വത്തോട് അഭ്യർഥിക്കുമെന്ന് അബിൻ വർക്കി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചിപ്പിച്ച് അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യർഥിക്കുകയാണെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു.
പാർട്ടി തീരുമാനത്തെ മറിച്ചു പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ടമാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർഥന മുന്നോട്ടു വയ്ക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണെന്നും അബിൻ കൂട്ടിച്ചേർത്തു.